രാത്രിയോഗങ്ങളിലെ സ്ത്രീ പ്രവേശനം

മാരാമൺ : രാത്രിയോഗങ്ങളിലെ സ്ത്രീ പ്രവേശന വിലക്കുമായി ബന്ധപ്പെട്ടു മാരാമൺ കണവൻഷനെയും, നടത്തിപ്പുകാരായ മാർത്തോമ്മാ സഭയെയും വിമർശിക്കുന്നവർക്ക് ഒരു എളിയ മറുപടി നൽകുവാൻ സഭാംഗമായി മാമ്മോദീസ കൊള്ളപ്പെട്ട ഈ അടിയന്റെ കടമ എന്നോണം താഴെ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു .
ലക്ഷ കണക്കിന് വിശ്വാസികൾ വന്നു പോകുന്ന മാരാമൺ മണൽപുറത്ത് ഇതുവരെയും പോലീസ് ക്രമ സമാധാനം പാലിപ്പിക്കേണ്ട സ്ഥിതി ഉണ്ടായിട്ടില്ല . രാത്രികാലങ്ങളിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സ്ത്രീ പ്രവേശനം നിരോധിച്ചു കൊണ്ടുള്ള  തീരുമാനം കൈകൊണ്ടത്. ശബരിമലയിലും , ഹാജി അലി ദർഗയിലും സ്ത്രീ പ്രവേശനത്തെ അധികൃതർ എതിർക്കുന്നത് കൊണ്ട് മാരമണ്ണിലും സഭ നേതൃത്വം എതിർക്കുന്നു എന്ന വാർത്ത തന്നെ ദുഷ്ട ലാക്കോടെയാണ്. ഇത് പോലെ ഉള്ള ഒരു മാറ്റം കാലാന്തരങ്ങളിൽ സംഭവിച്ചു കൂടാ എന്നും പറയുന്നില്ല . എന്നാൽ എന്ത് കൊണ്ട് ഈ മാറ്റം ഇപ്പോൾ കൊണ്ടുവരുവാൻ സാധിക്കുന്നില്ല എന്ന് ചോദിച്ചാൽ, ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹം ഈ ഒരു മാറ്റാതെ ഉൾകൊള്ളാൻ മാത്രം പക്വമായിട്ടില്ല എന്ന് കരുതിയാൽ മതി .

maramon-convention-news24hours
സ്ത്രീ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടു വാദിക്കുന്നവർ മാർത്തോമ്മാ സഭയെ ഒരു പുരോഗമനവിരുദ്ധ സഭയായി ചീത്രീകരിക്കുവാൻ ശ്രമിക്കുന്നു. പക്ഷെ അവർ പോലും അറിയുന്നില്ല , ഭിന്ന ലിംഗത്തിൽ പെട്ടവർക്ക് സഭയിലും സമൂഹത്തിലും തുല്യ പരിഗണന നൽകണമെന്നും , അത് പ്രവർത്തികമാക്കാൻ കേരളത്തിലെ എല്ലാ ജില്ലകളിലും അഭയ കേന്ദ്രങ്ങൾക്കു തുടക്കമിടാൻ ഈ സഭ തീരുമാനിച്ചിരിക്കുന്നു എന്ന് .
ജനാധിപത്യ പ്രവണതകൾ ഈ സഭയിൽ ഇല്ല എന്ന് പറയുന്നവരോട് , സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ സഭയാണ് ഇതെന്ന് ഉള്ള കാര്യം വിസ്മരിക്കരുത് . അത് മാത്രമല്ല, സഭയുടെ ഉന്നത സമിതിയായ സഭ കൗൺസിലിൽ മൂന്നിലൊന്ന് സംവരണം സ്ത്രീകൾക്ക് നൽകിയതും ഈ സഭയാണ്. സഭയുടെ പാർലമെന്റായ പ്രതിനിധി മണ്ഡലത്തിൽ, ഒരു ഇടവകയിൽ നിന്ന് ഒന്നിൽ കൂടുതൽ പ്രതിനിധികൾ ഉണ്ടെങ്കിൽ കുറഞ്ഞത് ഒരാളെങ്കിലും വനിതാ ആയിരിക്കണം എന്ന് നിർബന്ധം പിടിച്ചതും ഈ സഭ ആണ് .  മറ്റു സഹോദരി സഭകളിലെ സഹോദരിമാർ തുല്യ അവകാശത്തിനായി പള്ളികളിൽ കറുത്ത ബാഡ്ജ് അണിഞ്ഞ കാലത്തു തന്നെയാണ് നമ്മൾ ജീവിക്കുന്നത് എന്നും ഓർക്കണം .
എന്നും സമൂഹത്തിനു മുൻപേ പറക്കുന്ന പക്ഷിയാണ്  സഭ . അടിയന്തിരാവസ്ഥ കാലത്തു ഇന്ദിര ഗാന്ധി യെ വെല്ലുവിളിച്ച യൂഹാന്നോൻ മാർതോമ്മായും , ഇന്ന് നോട്ടു നിരോധനം മൂലം ഇന്ത്യൻ  ജനതയെ കഷ്ടപെടുത്തുന്ന നരേന്ദ്ര മോഡിക്കെതിരെ തുറന്നടിച്ച ജോസഫ് മാർത്തോമ്മാ യും ഈ സഭയുടെ തന്നെ നായകർ ആണ് . നാളെ ആവശ്യം എന്ന് വന്നാൽ , ഒരു മാറ്റാതെ ഉൾകൊള്ളാൻ മാത്രം നമ്മുടെ സമൂഹം വളർന്നാൽ രാത്രികാല യോഗങ്ങളിൽ ഉള്ള സ്ത്രീ നിരോധനം മാറ്റും എന്ന് തന്നെ ആണ് എന്റെ പ്രതീക്ഷ.

Contributing editor:
***ജോയൽ തോമസ് മാത്യൂസ്***

This post was created by a contributing editor and has not been vetted or endorsed by News24hour’s editorial staff. News24hours Community is a place where anyone can post awesome lists and creations. To contribute your ideas or news or post mail: info@news24hours.in 

 

Leave a Reply

Your email address will not be published. Required fields are marked *